തൃശൂരിൽ ലിവിംഗ് പങ്കാളിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി
Friday, September 26, 2025 3:26 AM IST
തൃശൂർ: പേരാമംഗലത്ത് യുവതിയെ കുത്തി പരിക്കേൽപിച്ച ശേഷം ഒളിവിൽ പോയ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒപ്പം താമസിച്ചിരുന്ന യുവതിയെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞ തൃശൂർ പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ് ആണ് പേരാമംഗലം സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇയാൾക്കൊപ്പം പേരാമംഗലത്തെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ഷർമിളയെയാണ് കുത്തി പരിക്കേൽപ്പിച്ചത്. പിന്നാലെ മാർട്ടിൻ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതേ തുടർന്നായിരുന്നു യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയുടെ നില ഗുരുതരമാണെന്ന് കരുതി പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. പോലീസ് പ്രതിയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതിനിടെയാണ് മാർട്ടിൻ കീഴടങ്ങിയത്.