ജാതിസർവേ തുടരാം; വിവരങ്ങൾ പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്ന് കർണാടക ഹൈക്കോടതി
Friday, September 26, 2025 5:24 AM IST
ബംഗളൂരു: കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ (സാമൂഹിക-സാമ്പത്തിക സർവേ) ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട ഹർജികൾ കോടതി തള്ളി.
അതേസമയം,ശേഖരിക്കുന്ന ഡേറ്റകൾ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു. സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു. താത്പര്യമുണ്ടെങ്കിൽ മാത്രം പങ്കെടുത്താൽ മതി.
ചീഫ് ജസ്റ്റീസ് വിഭു ബഖ്റു, ജസ്റ്റീസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഡേറ്റകൾ സ്വകാര്യമായി സൂക്ഷിക്കുന്നത് ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികൾ വിവരിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ കോടതി പിന്നാക്കവിഭാഗ കമ്മീഷനോട് ആവശ്യപ്പെട്ടു.
പിന്നാക്കവിഭാഗ കമ്മീഷന്റെ മേൽനോട്ടത്തിലാണ് സർവേ നടത്തുന്നത്. സർവേയിൽ ഒരു വിവരവും നിർബന്ധമായി ആരും നൽകേണ്ടതില്ലെന്നകാര്യം എന്യൂമറേറ്റർമാരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.