ഇന്ധന കയറ്റുമതിയിൽ നിരോധനവുമായി റഷ്യ
Friday, September 26, 2025 6:10 AM IST
മോസ്കോ: ഡീസൽ കയറ്റുമതിയിൽ ഭാഗികമായി നിരോധനം ഏർപ്പെടുത്തുകയും ഗാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ നീട്ടുകയും ചെയ്ത് റഷ്യ.
റഷ്യൻ റിഫൈനറികളെ ലക്ഷ്യമിട്ട് യുക്രെയ്ൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തിയത് റഷ്യയിലെ എണ്ണ ശുദ്ധീകരണത്തെയും പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ എണ്ണ ഉത്പന്നങ്ങൾക്ക് കുറവു നേരിടുന്നതായും നിലവിലുള്ള എണ്ണ ശേഖരം ഈ കുറവ് നികത്താൻ ശ്രമിക്കുന്നതായും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചു.
ഗാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ തുടരുമെന്നും കൂടാതെ ഡീസൽ ഉത്പാദനം നടത്താത്ത കമ്പനികൾക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നതിനും വർഷാവസാനം വരെ നിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.