അമേരിക്കയിലും വിൽക്കാൻ എണ്ണയുണ്ട്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും വിമർശനവുമായി യുഎസ്
Friday, September 26, 2025 6:22 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും വിമർശനവുമായി അമേരിക്ക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് ആവശ്യപ്പെട്ടു.
ഇന്ത്യയെ ശിക്ഷിക്കാൻ യുഎസ് ആഗ്രഹിക്കുന്നില്ലെന്നും യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലക്ഷ്യമെന്നും ക്രിസ് റൈറ്റ് പറഞ്ഞു. ന്യൂയോർക്കിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ഇന്ത്യ സാന്പത്തിക സഹായം നൽകുന്നുവെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ഇതോടെ ഇന്ത്യൻ ചരക്കുകൾക്കുള്ള അമേരിക്കൻ തീരുവ 50 ശതമാനമായി വർധിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്ന് ആരോപിച്ച ക്രിസ് അത് വാങ്ങേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്നും അഭിപ്രായപ്പെട്ടു.
ആഴ്ചതോറും ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കാനാണ് ഈ പണം ഉപയോഗിക്കുന്നതെന്ന കാര്യം ഇന്ത്യ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ക്രിസ് ആരോപിച്ചു.
ഇന്ത്യയ്ക്ക് റഷ്യയിൽനിന്നൊഴികെ എവിടെ നിന്ന് വേണമെങ്കിലും എണ്ണ വാങ്ങാമെന്ന് പറഞ്ഞ യുഎസ് ഊർജ സെക്രട്ടറി അമേരിക്കയുടെ പക്കലും വിൽക്കാൻ എണ്ണയുണ്ടെന്നും കൂട്ടിച്ചേർത്തു.