സഹോദരിയുമായി ഇഷ്ടത്തിലായ യുവാവിനെ കൊലപ്പെടുത്തി; സഹോദരനും സുഹൃത്തുക്കളും അറസ്റ്റിൽ
Friday, September 26, 2025 7:00 AM IST
ലക്നോ: സഹോദരിയുമായി ഇഷ്ടത്തിലായ ഇരുപത്തിയാറുകാരനായ യുവാവിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലക്നോവിലെ സാദത്ഗഞ്ചിൽ അലി അബ്ബാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വിവാഹത്തെ പറ്റി സംസാരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയാണ് അലിയെ യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരൻ ഹിമാലയ പ്രജാപതി (27), സുഹൃത്തുക്കളായ സൗരഭ് (24), സോനു കുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി സാദത്ഗഞ്ചിലെ ലാകർമണ്ടി ഹട്ട പ്രദശത്താണ് സംഭവം. ഒരു യുവാവിനെ വടികൊണ്ട് ആക്രമിച്ചു എന്ന വിവരം ലഭിച്ചതിനു പിന്നാലെയാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ തലയിലും ശരീരത്തിലും പരുക്കേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്നൊരു യുവാവിനെ കണ്ടെത്തി. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.