കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; കെ.എം. ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു
Friday, September 26, 2025 10:26 AM IST
കൊച്ചി: കെ.ജെ. ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം. ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു. ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് എത്തിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കെ.എം. ഷാജഹാൻ അറസ്റ്റിലായത്. ഒരുപാട് കാര്യങ്ങൾ ഇനി പറയാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്നും അറസ്റ്റിന് ശേഷം ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ച് കെ.എം. ഷാജഹാൻ നേരത്തേയും പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സൈബർ പോലീസിന്റെ വിലയിരുത്തൽ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ്.
കെ.ജെ ഷൈൻ നൽകിയ ആദ്യ പരാതിയിൽ സൈബർ പോലീസ് സി.കെ. ഗോപാലകൃഷ്ണൻ, കെ.എം. ഷാജഹാൻ എന്നിവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ സി.കെ. ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചപ്പോൾ ഷാജഹാൻ സൈബർ പോലീസിന് മുന്നിൽ ഹാജരായി മൊഴി നൽകി മടങ്ങി.
എന്നാൽ പിന്നീട് അദ്ദേഹം ഷൈൻ ടീച്ചറെ അപകീർത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോ കൂടി പുറത്തിറക്കി. ഇതിനെത്തുടർന്ന് കെ.ജെ. ഷൈൻ വീണ്ടും സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.