തലസ്ഥാനത്ത് കനത്ത മഴ; തമ്പാനൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലും വെള്ളംകയറി
Friday, September 26, 2025 11:34 AM IST
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലും വെള്ളം പൊങ്ങി. റെയില്‍വെ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയത് റെയില്‍ ഗതാഗതത്തിന് നേരിയ തടസം സൃഷ്ടിച്ചു. റെയില്‍വെ ജീവനക്കാര്‍ വെള്ളക്കെട്ട് മാറ്റുകയായിരുന്നു.
പല സ്ഥലങ്ങളിലും ഓടകള്‍ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപം കൊള്ളാന്‍ കാരണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ആരോപിക്കുന്നത്. ഓപ്പറേഷന് അനന്ത പുനരാംരംഭിക്കാന്‍ വേണ്ട നടപടി കോര്പ്പറേഷന് അധികൃതര്‍ സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്.
കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 15 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.