സ്വര്‍ണക്കടത്ത് കേസിലെ ജുഡീഷല്‍ കമ്മീഷന് നിയമനം: സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി
Friday, September 26, 2025 12:46 PM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ഗൂഢാലോചന അന്വേഷിക്കാനുള്ള ജുഡീഷല്‍ കമ്മീഷൻ നിയമനത്തിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജുഡീഷല്‍ കമ്മീഷന് പ്രവര്‍ത്തനം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
ഇഡി അന്വേഷണത്തിനെതിരെ സര്‍ക്കാരിന് ജുഡീഷല്‍ കമ്മീഷനെ നിയമിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഒരു വകുപ്പ് മാത്രമാണ് ഇഡിയെന്നും, സര്‍ക്കാരിനെതിരെ ഹര്‍ജി നല്കാന് ഇഡിക്ക് കഴിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. എന്നാൽ ജുഡീഷൽ കമ്മീഷനെതിരെ ഇഡിക്ക് കോടതിയിൽ ഹർജി നൽകാവുന്നതാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുഖ്യമന്ത്രി, സ്പീക്കര്‍, ഉള്‍പ്പടെയുള്ളവരെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താന്‍ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റീസ് വി.കെ. മോഹനന് അധ്യക്ഷനായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ചത്.