ആഡംബര വാഹനത്തട്ടിപ്പ് കേസ്: വാഹനങ്ങള്‍ കണ്ടെത്താനാവാതെ കസ്റ്റംസ്
Friday, September 26, 2025 12:55 PM IST
കൊച്ചി: "ഓപ്പറേഷന് നുംഖോറു'മായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തിച്ച ആഡംബര വാഹനങ്ങള്‍ കണ്ടെത്താനാകാതെ കസ്റ്റംസ് സംഘം. സംസ്ഥാനത്തേക്ക് 150 ലേറെ വാഹനങ്ങള്‍ അനധികൃതമായി എത്തിച്ചെന്നാണ് കസ്റ്റംസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാല്‍ 38 വാഹനങ്ങളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.
കടത്തിയ വാഹനങ്ങളിലേറെയും ഒളിപ്പച്ചതായാണ് സംശയം. റെയ്ഡ് വിവരം ചോര്‍ന്നതായും സംശയിക്കപ്പെടുന്നു. നാലു ദിവസം കഴിഞ്ഞെങ്കിലും നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനങ്ങള്‍ കണ്ടെത്താനായി പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും സഹായം തേടാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്.
അമിത് ചക്കാലക്കല്‍ സംശയനിഴലില്‍
നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമിത് വാഹന ഉപഭോക്താവ് മാത്രമല്ല, ഇടനിലക്കാരനുമാണെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. അനധികൃതമായി ഭൂട്ടാനില്നിന്നെത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തിലടക്കം വിറ്റഴിക്കുന്ന ഇടനിലസംഘവുമായുള്ള നടന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ആരംഭിച്ചു.
കഴിഞ്ഞദിവസം പിടികൂടിയ വാഹനങ്ങളില്‍ ചിലതു തന്റേതല്ലെന്ന് അമിത് വ്യക്തമാക്കിയിരുന്നു. ഈ വാഹനങ്ങള്‍ കേരളത്തിലെത്തിയതു സംബന്ധിച്ച് കസ്റ്റംസ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ അമിത് ചക്കാലയ്ക്കലില്‍ എത്തിനില്‍ക്കുന്നത്.
ഇടനിലസംഘം വിറ്റഴിച്ച പല പ്രീമിയം വാഹനങ്ങളുടെ വില്പനയിലും അമിതിന് നേരിട്ടു പങ്കുള്ളതായാണ് കസ്റ്റംസിനു ലഭിച്ചിട്ടുള്ള വിവരം. കോയമ്പത്തൂരിലെ വാഹനക്കച്ചവടസംഘത്തെ അറിയാമെന്ന് അമിത് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നടനെ വിശദമായി ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്.