കാലാവസ്ഥ ചതിച്ചു; തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു
Friday, September 26, 2025 5:00 PM IST
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ശനിയാഴ്ച നടത്താനിരുന്ന തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു. അപ്രതീക്ഷിതമായ കനത്ത മഴയെ തുടർന്ന് ടിക്കറ്റുകളുടെ വിൽപ്പന നടത്താൻ കഴിഞ്ഞില്ലെന്ന് ഏജന്റുമാർ അറിയിച്ചിരുന്നു.
ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയുണ്ടാക്കിയെന്നും ഏജന്റുമാർ പരാതി പറഞ്ഞിരുന്നു. തുടർന്ന് നറുക്കെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഒക്ടോബർ നാലിന് നറുക്കെടുപ്പ് നടത്തുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും.
നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.