കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസ്; കെ.എം.ഷാജഹാന് ജാമ്യം
Friday, September 26, 2025 6:19 PM IST
കൊച്ചി: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസിൽ അറസ്റ്റിലായ കെ.എം.ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളും സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപയുടെയും രണ്ട് പേരുടെ ആൾജാമ്യത്തിലുമാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ജാമ്യ ഉത്തരവിലുള്ളത്. അറസ്റ്റിൽ പോലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
ഷാജഹാനെതിരെ കേസെടുത്ത് മൂന്നു മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട് സിഐയ്ക്ക് ആരാണ് അധികാരം നൽകിയെന്നും കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് ചെങ്ങമനാട് സിഐയെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
എന്നാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉത്തരവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. കേസ് എടുത്തശേഷം മൂന്നു മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തുവെന്നും കോടതി ചോദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു.
എന്നാൽ ഇതിന് കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷനായില്ല. ഷാജഹാൻ കുറ്റകൃത്യം ആവർത്തിക്കുകയാണെന്ന് പോലീസ് വാദിക്കുകയും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയപരമായ ചോദ്യങ്ങൾ മാത്രമാണ് വീഡിയോയിലുള്ളത്.
വ്യക്തിപരമായി മോശമായി പരാമർശിച്ചിട്ടില്ലെന്നും ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.