ഷാഫി പറമ്പിലിനെതിരായ ആരോപണം; എന്തൊക്കെ നല്ലകാര്യങ്ങൾ ചോദിക്കാനുണ്ട്: മന്ത്രി എം.ബി.രാജേഷ്
Friday, September 26, 2025 6:29 PM IST
തിരുവനന്തപുരം: ഷാഫി പറമ്പിലിൽ എംപിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ തള്ളി മന്ത്രി എം.ബി.രാജേഷ്. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ആരോപണം ഉന്നയിച്ച വ്യക്തിയോട് തന്നെ ചോദിക്കണം.
എന്തൊക്കെ നല്ലകാര്യങ്ങൾ തന്നോട് ചോദിക്കാനുണ്ടെന്നും മന്ത്രി ചോദിച്ചു. നേരത്തെ സുരേഷ് ബാബുവിനെ തള്ളി സിപിഎം നേതാക്കളായ എ.കെ.ബാലനും എൻ.എൻ.കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. തന്റെ കൈയിൽ തെളിവില്ലാത്തതിനാൽ ആരോപണം ഉന്നയിക്കുന്നില്ല.
ജില്ലാ സെക്രട്ടറിയുടെ കൈയിൽ തെളിവുള്ളതുകൊണ്ടാകാം അദ്ദേഹം ആരോപണം ഉന്നയിച്ചതെന്ന് ബാലൻ പറഞ്ഞിരുന്നു. കൂടുതൽ വ്യക്തതവേണമെങ്കിൽ സുരേഷ് ബാബുവിനോട് ചോദിക്കണമെന്ന് എൻ.എൻ.കൃഷ്ണദാസും വ്യക്തമാക്കിയിരുന്നു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞത്. ഇതിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പോലീസിൽ പരാതി നൽകി.
എന്നാൽ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് സുരേഷ് ബാബു പറഞ്ഞു. പറഞ്ഞതൊന്നും മാറ്റി പറയുന്നില്ല. അതെല്ലാം അവിടെ തന്നെ നിൽക്കുകയാണ്. കോൺഗ്രസുകാർക്ക് പരാതി നൽകുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാം.
എന്നാൽ ഒന്നുമാത്രമേ പറയാനുള്ളൂ. അനാവശ്യമായി കോലിട്ട് ഇളക്കാൻ വന്നാൽ വലിയ പ്രത്യാഘാതം ആരാണ് നേരിടേണ്ടിവരികയെന്ന് നിങ്ങൾ മനസിലാക്കണമെന്ന് സുരേഷ് ബാബു പറഞ്ഞു.