കെ.എം.ഷാജഹാന്റെ അറസ്റ്റ്; പോലീസിനെ "നിറുത്തിപ്പൊരിച്ച്' കോടതി
ക്രിസ്റ്റോ തോമസ്
Friday, September 26, 2025 7:52 PM IST
കൊച്ചി: സിപിഎം വനിതാ നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസിൽ കെ.എം.ഷാജഹാന്റെ അറസ്റ്റിൽ ചോദ്യങ്ങളുമായി കോടതി. ഷാജഹാന്റെ ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളും സിജെഎം കോടതിയാണ് പോലീസ് നടപടിയെ ചോദ്യം ചെയ്തത്.
വെള്ളിയാഴ്ച രാത്രിയിലാണ് തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടിൽ നിന്നും ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ആലുവ റൂറൽ സൈബർ സ്റ്റേഷനിലെത്തിച്ച ഷാജഹാനെ ഇന്നു വൈകുന്നേരത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
ആലുവ റൂറൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷാജഹാനെ അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട് സിഐയ്ക്ക് ആരാണ് അധികാരം നൽകിയെന്നും കോടതി ചോദിച്ചു. കെ.ജെ.ഷൈനിന്റെ പരാതി അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ചെങ്ങമനാട് സിഐയുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ ഇതിന്റെ ഉത്തരവ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. കേസെടുത്ത് വെറും മൂന്നു മണിക്കൂറിനുള്ളിൽ എങ്ങനെയാണ് പോലീസ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെ ഷാജഹാന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് കോടതി ചോദിച്ചു. എന്നാൽ ഇതിനു വ്യക്തമായ മറുപടി നൽകാൻ പോലീസിനായില്ല.
റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു. ഇതിനും കൃത്യമായ മറുപടി നൽകാൻ പ്രോസിക്യൂഷനായില്ല. രാഷ്ട്രീയപരമായ ചോദ്യങ്ങൾ മാത്രമാണ് വീഡിയോയിലുള്ളതെന്ന് ഷാജഹാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തുടർന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. ഷാജഹാൻ പരാതിക്കാരിയെ പൊതുസമൂഹത്തിനു മുന്നിൽ മോശമായി ചിത്രീകരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു.
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ലൈംഗിക ചുവയുള്ള പരാമർശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും നിരന്തരമായി ചെയ്യുന്നു. ഇത് ഗുരുതരമായ കുറ്റമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് വീഡിയോ കണ്ട കോടതി വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു.
റിമാൻഡ് റിപ്പോർട്ടിലുള്ള ലൈംഗിക പരാമർശങ്ങളൊന്നും വീഡിയോയിൽ ഇല്ലല്ലോയെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും കോടതി ആരാഞ്ഞു. ഇതിനും പ്രോസിക്യൂഷനു മറുപടിയില്ലായിരുന്നു.
തുടർന്നാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കെ.എം.ഷാജഹാനെതിരെ രണ്ട് പരാതികളാണ് കെ.ജെ.ഷൈൻ നൽകിയത്. ആദ്യ പരാതിയിൽ ഷാജഹാനെതിരെ കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഷാജഹാനെതിരെ ഷൈൻ വീണ്ടും പരാതി നൽകിയത്. രണ്ടാമത്തെ പരാതിയിൽ കേസെടുത്തത് മണിക്കൂറുകൾക്കുള്ളിലാണ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്.