ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട : കെ.എം.ഷാജഹാന്
Friday, September 26, 2025 8:09 PM IST
കൊച്ചി: സിപിഎം വനിതാ നേതാവ് കെ.ജെ.ഷൈനിനുനേരേ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ.എം.ഷാജഹാൻ. തന്റെ വാദങ്ങൾ കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഷാജഹാൻ പറഞ്ഞു.
25 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ലൈംഗിക ആരോപണ കേസുകളിൽ നിരന്തരമായി ഇരകൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നയാളാണ് താൻ. വിഎസിനൊപ്പം നിൽക്കുമ്പോൾ ഐസ്ക്രീം പാർലർ, വിതുര കേസ്, കിളിരൂർ തുടങ്ങിയ കേസുകളിലെല്ലാം ഇരകൾക്കുവേണ്ടിയാണ് പോരാടിയത്.
ഏറ്റവും അവസാനമായി വേടന്റെ കേസിലും ഇരയ്ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ തനിക്കെതിരെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്ന വാദം ഒരിടത്തും നിലനിൽക്കില്ല. പൊതുമണ്ഡലത്തിലും ഇപ്പോൾ കോടതിയിലും നിലനിൽക്കില്ലെന്ന് തെളിഞ്ഞു.
തന്റെ യൂട്യൂബ് ചാനലിൽ ഏകദേശം 2000 വീഡിയോകൾ ചെയ്തിട്ടുണ്ട്. അതിൽ 25% ഭരണകൂടത്തിലെ പ്രമുഖർക്കെതിരെയാണെന്നും ഷാജഹാൻ പറഞ്ഞു. ഇതാദ്യമായാണ് തനിക്കെതിരെ ഒരു കേസ് വരുന്നത്. തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് വീഡിയോകള്‍ ചെയ്യുന്നത്.
അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയതെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മർദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തെയും സമർദ്ദത്തിലാക്കാൻ ശ്രമം നടന്നു. ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. 300 ഓളം ഭീഷണി കോളുകൾ വന്നിട്ടുണ്ട്. ഒരാളേയും താൻ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.