ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ അറസ്റ്റിൽ
Sunday, September 28, 2025 11:03 PM IST
മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മലപ്പുറം ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുൾ സമദാണ് പിടിയിലായത്. പൂക്കോട്ടുംപാടം പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഭാര്യാപിതാവ് അബ്ദുള്ളയെയാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം 3.45 ഓടെ കൂറ്റമ്പാറ രാമംകുത്ത് റോഡിൽ ചേനാംപാറയിലാണു സംഭവം.
അബ്ദുള്ള ഓടിച്ചിരുന്ന ബൈക്കിൽ അബ്ദുൾ സമദ് കാർ ഇടിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നു തെറിച്ചുവീണ അബ്ദുള്ളയെ വീണ്ടും ഇടിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.
ഭാര്യ തന്നോടൊപ്പം താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുള്ളയാണ് എന്ന ധാരണയാണ് അബ്ദുൾ സമദിന്റെ വിരോധത്തിനു പിന്നിലെന്നു പോലീസ് പറയുന്നു.