അരുവിക്കരയിൽ കട കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റിൽ
Monday, September 29, 2025 1:00 AM IST
തിരുവനന്തപുരം: അരുവിക്കരയ്ക്കു സമീപം വെമ്പന്നൂരിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. വെമ്പന്നൂർ അയണിക്കോണം കട്ടച്ചാൽ ചിറയിൽ മോനിച്ചൻ(40) ആണ് അറസ്റ്റിലായത്.
അരുവിക്കര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെമ്പന്നൂരിലെ വിനായക സ്റ്റോർ കുത്തിത്തുറന്നാണ് മോനിച്ചൻ മോഷണം നടത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കടയ്ക്കുള്ളിൽ നിന്ന് 5,000 രൂപയും 25 പായ്ക്കറ്റ് സിഗററ്റും ഇയാൾ മോഷ്ടിച്ചു. കടയുടമയുടെ പരാതിയെത്തുടർന്ന് സമീപത്തെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.