ഒന്‍പതാം കിരീട നേട്ടം, ഏഷ്യാ കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം
Monday, September 29, 2025 3:51 AM IST
ദുബായ്: ഒന്‍പതാം ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ട ടീം ഇന്ത്യ ഏഷ്യാ കപ്പ് ഏറ്റുവാങ്ങിയല്ല. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ (എസിസി) പ്രസിഡന്റ് മൊഹ്സിൻ നഖ്വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. പാക് ആഭ്യന്തര മന്ത്രിയായ നഖ്വി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസിഡന്റ് കൂടിയാണ്.
മുൻ ന്യൂസിലൻഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനുമായ സൈമൺ ഡൗൾ ടീം ഇന്ത്യയുടെ തീരുമാനം ലോകത്തെ അറിയിക്കുകയായിരുന്നു. നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു.
ഹസ്തദാന വിവാദത്തിൽ ഇന്ത്യയ്ക്കെതിരെ നഖ്വി ഐസിസിയിൽ പരാതി നൽകിയിരുന്നു. ഇന്ത്യയുടെ വിജയത്തിൽ മൈതാനത്തെ ഓപ്പറേഷൻ സിന്ദൂറെന്ന് സമൂഹമാധ്യമത്തിൽ കുറിച്ച് ടീം ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്.
തിലക് വർമ്മയുടെ (69) തകർപ്പൻ അർധ സെഞ്ചുറിയും കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിംനിറങ്ങിയ പാകിസ്ഥാന് 19.1 ഓവറില്‍ 146 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിംനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്കോര്‍: 150/5.