ചരിത്രം കുറിച്ച് നേപ്പാൾ; രണ്ടാം മത്സരത്തിലും വിജയിച്ച് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി
Tuesday, September 30, 2025 1:43 AM IST
ദുബായ്: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിച്ച് നേപ്പാൾ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര നേപ്പാൾ സ്വന്തമാക്കി.
പരമ്പര സ്വന്തമാക്കിയതോടെ ചരിത്രനേട്ടവും നേപ്പാള്‍ ക്രിക്കറ്റ് എഴുതിച്ചേര്‍ത്തു. ആദ്യമായാണ് ഒരു ടെസ്റ്റ് പദവിയുള്ള ടീമിനെ നേപ്പാള്‍ തോല്‍പ്പിക്കുന്നത്.
രണ്ടാം ടി20യില്‍ വിന്‍ഡീസിനെ 90 റണ്‍സിനാണ് നേപ്പാള്‍ തോൽപ്പിച്ചത്. 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസിനെ 17.1 ഓവറില്‍ 83 റണ്‍സിന് നേപ്പാൾ ഓൾഔട്ടാക്കി.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ആസിഫ് ഷെയ്ഖ്, സുന്ദീപ് ജോറ എന്നിവരുടെ ഇന്നിങ്സുകളാണ് നേപ്പാളിന് കരുത്തായത്.
ജോറ 39 പന്തില്‍ അഞ്ച് സിക്സും മൂന്ന് ബൗണ്ടറികളും സഹിതം 63 റണ്‍സെടുത്തപ്പോള്‍ ആസിഫ് 47 പന്തില്‍ പുറത്താവാതെ 68 റണ്‍സെടുത്തു. രണ്ട് സിക്സും എട്ട് ബൗണ്ടറികളും ഉള്‍പ്പടെയായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്
മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് ബാറ്റര്‍മാരെ നേപ്പാളിന്റെ ബോളിങ് നിര എറിഞ്ഞിടുന്നതാണ് കാണാനായത്. ആദില്‍ അന്‍സാരി നാല് വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ കുശാല്‍ ഭുര്‍ടല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
വിന്‍ഡീസ് നിരയില്‍ മൂന്ന് പേര്‍ക്കുമാത്രമാണ് രണ്ടക്കം കാണാനായത്. 15 പന്തില്‍ 21 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. 21 പന്തില്‍ 17 റണ്‍സെടുത്ത അക്കീം വെയ്ന്‍, 14 പന്തില്‍ 16 റണ്‍സെടുത്ത അമീര്‍ ജംഗൂ എന്നിവരും പിടിച്ചുനിന്നു.