കർണാടകയിൽ വൻ ലഹരി വേട്ട; രണ്ട് വിദേശികൾ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ
Tuesday, September 30, 2025 3:37 AM IST
ബംഗളൂരു: കർണാടകയിൽ 10 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. മഹാദേവപുര പോലീസും ബംഗൂളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് സംഘം പിടിയിലായത്.
പ്രതികളിൽ നിന്ന് നാല് കിലോഗ്രാം എംഡിഎംഎ പിടികൂടി. ഇതുകൂടാതെ 41 ഗ്രാം എക്സ്റ്റസി പിൽസ്, രണ്ട് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ്, ആറ് കിലോഗ്രാം കഞ്ചാവ് എന്നിവയും മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും ഒരു ടു വീലറും കണ്ടെടുത്തു.
നൈജീരിയൻ സ്വദേശികളായ കെവിൻ റോഗർ, തോമസ് നവീദ് എന്നിവരാണ് പിടിയിലായ വിദേശികൾ. ഇരുവരും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നൈജീരിയയിൽ നിന്നെത്തിയതെന്ന് പോലീസ് അറിയിച്ചു.
വിദ്യാർഥികളെയും ഐടി ജീവനക്കാരെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരികച്ചവടം. പിടിയിലായവരിൽ ഒരു ദന്തൽ കോളജ് വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്.