കരൂർ ദുരന്തം; വ്യാജപ്രചാരണം നടത്തിയ 25 പേർക്കെതിരെ കേസ്
Tuesday, September 30, 2025 4:20 AM IST
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ 25 പേർക്ക് എതിരെ കേസ്. ചെന്നൈ പോലീസ് ആണ് കേസെടുത്തത്.
പൊതു സമാധാനം തകർക്കുകയും ജനങ്ങൾക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ റാലിക്കിടെ നാടിനെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിന് കാരണമായ ഈ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യമാധ്യമ പോസ്റ്റുകളും മറ്റും നിരീക്ഷിച്ചു വരികയായിരുന്നു പോലീസ്.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ സാമൂഹ്യമാധ്യമങ്ങളിൽ കരൂർ ദുരന്തവുമായി ബന്ധപ്പട്ട് വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് സാമൂഹ്യമാധ്യമമായാ എക്സിൽ കുറിച്ചിരുന്നു.