കരൂരിലേക്ക് എൻഡിഎ സംഘത്തെ നിയോഗിച്ച് ജെ.പി.നദ്ദ; ഹേമ മാലിനി നയിക്കും
Tuesday, September 30, 2025 4:37 AM IST
ന്യൂഡൽഹി: ടിവികെ അധ്യക്ഷൻ വിജയ് നയിച്ച റാലിയ്ക്കിടെ 41 പേർ മരിച്ച കരൂർ സന്ദർശിക്കാൻ എൻഡിഎ സംഘം.
സന്ദർശനത്തിനായി എട്ടംഗ സംഘത്തെയാണ് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ നിയോഗിച്ചത്. നടിയും എംപിയുമായ ഹേമ മാലിനിയാകും സംഘത്തിന് നേതൃത്വം നൽകുക.
കരൂർ ദുരന്തത്തിനു പിന്നാലെ വിജയ് അസുഖ ബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമർ പ്രസാദ് പറഞ്ഞിരുന്നു. ആരോഗ്യം സൂക്ഷിക്കണമെന്നായിരുന്നു ഉപദേശം.
പണയൂരിലെ വീട്ടിലായിരുന്ന വിജയ്, ഇന്ന് രാവിലെയോടെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫിസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വിജയ്യെ ഫോണിൽ വിളിച്ചു വിവരങ്ങൾ തേടിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ വിജയ്ക്ക് അനുമതി തേടി ടിവികെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സന്ദർശനത്തിന് പോലീസും ജില്ലാ ഭരണകൂടവും തടസം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
കരൂർ ദുരന്തത്തിനു കാരണം ഡിഎംകെ പോലീസ് ഗുണ്ടാ കൂട്ടുക്കെട്ടാണെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നും ഹർജിയിൽ ആരോപിക്കുന്നു.