മാനനഷ്ടക്കേസ്; കങ്കണ റണാവത്തിനോട് നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് ഹൈക്കോടതി
Tuesday, September 30, 2025 7:08 AM IST
ചണ്ഡീഗഡ്: മാനനഷ്ടക്കേസിൽ നടിയും എംപിയുമായ കങ്കണ റണാവത്തിനോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹൈക്കോടതി. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാമെന്ന കങ്കണയുടെ ആവശ്യം തള്ളിയാണ് കോടതി കർശന നിർദേശം നൽകിയത്.
ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലെ ബഹാദുർഗഡ് ജാൻഡിയൻ ഗ്രാമത്തിലെ മഹീന്ദർ കൗറിനെക്കുറിച്ച് എക്സിലൂടെ അഭിപ്രായം പങ്കുവച്ചതിനെ തുടർന്നാണ് കങ്കണയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണാ റണാവത്തിന്റെ അഭിഭാഷകന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കോടതി അപേക്ഷ തള്ളി.
കേസിന്റെ പ്രാരംഭ ഘട്ടത്തിൽ, പ്രതിയെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന്, നിയമം വ്യവസ്ഥ ചെയ്യുന്നില്ലാത്തതിനാൽ കങ്കണ റണാവത്തിന്റെ അപേക്ഷയെ ഞങ്ങൾ എതിർത്തുവെന്ന് പരാതിക്കാരിയായ മഹീന്ദർ കൗറിനുവേണ്ടി ഹാജരായ അഭിഭാഷകൻ രഘുബീർ സിംഗ് ബെനിവാൾ പറഞ്ഞു.
ബിൽക്കീസ് ബാനോ എന്ന് സംബോധന ചെയ്ത് കങ്കണ റണാവത് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് 73 കാരിയായ പരാതിക്കാരി ആരോപിച്ചിരുന്നു.