"ദീർഘകാല സമാധാനത്തിലേക്കുള്ള വഴി': ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി
Tuesday, September 30, 2025 12:59 PM IST
ന്യൂഡൽഹി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇരുപതിന നിർദേശങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സുസ്ഥിരമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള പ്രായോഗിക പാത എന്നാണ് നിർദേശങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
"പ്രസിഡന്റ് ട്രംപിന്റെ നിർദേശങ്ങളിൽ ബന്ധപ്പെട്ട എല്ലാവരും ഒത്തുചേരുമെന്നും സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ശ്രമത്തെ പിന്തുണയ്ക്കുമെന്നും പ്രത്യാശിക്കുന്നു' പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഗാസയിൽ അമേരിക്ക മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചിരുന്നു. ഹമാസും സമാധാന പദ്ധതി അംഗീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. യുഎസിന്റെ നിർദേശം തള്ളിയാൽ ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് ഗാസയിലെ വെടിനിർത്തലിനായി സമാധാന പദ്ധതി ചർച്ചയായത്.