സർക്കാരിന് തിരിച്ചടി; യോഗേഷ് ഗുപ്തയ്ക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ട്രൈബ്യൂണൽ
Tuesday, September 30, 2025 4:54 PM IST
തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഞ്ചു ദിവസത്തിനുള്ളിൽ നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. കേന്ദ്ര ഡെപ്യൂട്ടേഷനായി യോഗേഷ് ഗുപ്ത വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല.
തുടർന്ന് അദ്ദേഹം ട്രൈബ്യൂണലിൽ ഹർജി നൽകുകയായിരുന്നു. തുടർച്ചയായുള്ള സ്ഥലം മാറ്റങ്ങളെ തുടർന്നാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്നു വർഷത്തിനിടെ ഒമ്പത് തവണയാണ് സർക്കാർ അദ്ദേഹത്തെ സ്ഥലം മാറ്റിയത്.
ബീവറേജസ് കോർപറേഷൻ, സിവിൽ സപ്ലൈസ്, വിജിലൻസ്, ട്രെയിനിംഗ്, ക്രൈം റെക്കാർഡ്സ് ബ്യൂറോ, ഫയർ ഫോഴ്സ്, പോലീസ് അക്കാഡമി തുടങ്ങിയിടങ്ങളിലേക്കാണ് അടിക്കടി മാറ്റിയത്. റോഡ് സുരക്ഷാ കമ്മീഷണറായാണ് പുതിയ മാറ്റം.
തുടർന്നാണ് കേന്ദ്ര സർവീസിലേക്ക് പോകാൻ യോഗേഷ് അപേക്ഷ നൽകിയത്. എന്നാൽ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ തടഞ്ഞുവെയ്ക്കുകയായിരുന്നു.