ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് നൽകാം; നിബന്ധനയുമായി നഖ്വി
Tuesday, September 30, 2025 5:34 PM IST
ദുബായി: ഏഷ്യാ കപ്പ് കിരീടവും മെഡലുകളും ഇന്ത്യയ്ക്ക് നൽകുന്നതിൽ നിബന്ധനയുമായി പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്വി. ട്രോഫിയും മെഡലുകളും താൻ തന്നെ കൈമാറും.
ഇതിനായി ഔദ്യോഗിക ചടങ്ങ് നടത്തണമെന്നും നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരമൊരു ഉപാധി ബിസിസിഐ അംഗീകരിക്കുമോയെന്ന് കണ്ടറിയണം.
ഫൈനലിനുശേഷം മുക്കാല്‍ മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പാക്കിസ്ഥാൻ ടീമിന് റണ്ണേഴ്സ് അപ്പ് ചെക്കും താരങ്ങള്‍ക്കുള്ള മെഡലുകളും കൈമാറിയിരുന്നു. എന്നാല്‍ ഇന്ത്യൻ താരങ്ങള്‍ സ്പോൺസര്‍മാര്‍ നല്കുന്ന വ്യക്തിഗത പുരസ്കാരങ്ങള്‍ മാത്രമാണ് സ്വീകരിച്ചത്.
നഖ്വിയില് നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യൻ താരങ്ങള്‍ ഉറച്ചുനിന്നതോടെ രോഷത്തോടെ നഖ്വി സ്റ്റേഡിയം വിട്ടു. പിന്നാലെ ട്രോഫിയും മെഡലുകളും കൊണ്ടുപോവുകയായിരുന്നു.