വേടൻ കഞ്ചാവ് ഉപയോഗിച്ചു; കുറ്റപത്രം സമർപ്പിച്ചു
Tuesday, September 30, 2025 10:21 PM IST
കൊച്ചി: റാപ്പർ വേടൻ പ്രതിയായ കഞ്ചാവ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഹിൽ പാലസ് പോലീസ് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പോലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം ഒമ്പതു പ്രതികളാണ് കേസിലുള്ളത്. അഞ്ച് മാസത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്.
മേശയ്ക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പോലീസ് പിടിയിലായതെന്നും കുറ്റപത്രത്തിൽ പറയുന്നു. വേടന്റെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു.
ഇവര് കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഫ്ലാറ്റിൽ നിന്ന് ആറു ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.