ഗാസ സമാധാനം; ട്രംപ് അവതരിപ്പിച്ച പദ്ധതിയിൽ ഹമാസിനും നെതന്യാഹുവിനും സമ്മർദം
Wednesday, October 1, 2025 12:44 AM IST
വാഷിംഗ്ടൺ ഡിസി: ഗാസയിൽ സമാധാനത്തിന് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതി ഹമാസിനും ബെഞ്ചമിൻ നെതന്യാഹുവിനും ഒരുപോലെ സമ്മർദം നൽകുന്നതെന്ന് വിലയിരുത്തൽ. അറബ് - ഇസ്ലാമിക് - ഗൾഫ് രാജ്യങ്ങളുടെ വലിയ പിന്തുണ പദ്ധതിക്കുണ്ട്.
ഹമാസ് അധികാരം വിട്ട് ആയുധം താഴെ വച്ച് ഒഴിയണമെന്നും ഇസ്രയേൽ പിൻവാങ്ങണം തുടങ്ങിയവയാണ് സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍. പദ്ധതി നടന്നാൽ ഗാസയിൽ ഹമാസിന്റെയും ഇസ്രയേലിന്റെയും റോൾ ഒരുപോലെ അവസാനിക്കുകയാണെന്ന് വേണം വിലയിരുത്താൻ.
പദ്ധതിയിൽ നിലപാടറിയിക്കാൻ ഹമാസിന് മുന്നിലുള്ളത് മൂന്നോ നാലോ ദിവസങ്ങൾ മാത്രമാണ്. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ദുഖകരമായിരിക്കും പര്യവസാനമെന്ന് ട്രംപ് മുന്നറിയിപ്പും നൽകി. പദ്ധതി ഹമാസ് പരിശോധിക്കുകയാണെന്നാണ് ഖത്തർ അറിയിച്ചിരിക്കുന്നത്. ഹമാസ് എതിർക്കുന്നുണ്ടെങ്കിലും ഗാസയിൽ താൽക്കാലിക അന്താരാഷ്ട്ര ഭരണസമിതി വരും. ടോണി ബ്ലൈയറും ട്രംപും മേൽനോട്ടം വഹിക്കും.
ഗാസൻ ജനതയെ പുറത്താക്കില്ല എന്നുറപ്പായപ്പോൾ തന്നെ സൗദി, യുഎഇ, ഖത്തർ, ഈജിപ്ത്, തുർക്കി ഉൾപ്പടെ പ്രബല രാഷ്ട്രങ്ങൾ പദ്ധതിയെ പിന്തുണച്ചു. യുറോപ്യൻ രാഷ്ട്രങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ട്.