തമിഴ്നാട്ടിൽ താപവൈദ്യുതി നിലയത്തിൽ അപകടം; ഒന്‍പത് പേർ മരിച്ചു, ഒരാൾക്ക് പരിക്ക്
Wednesday, October 1, 2025 1:38 AM IST
ചെന്നൈ: തമിഴ്നാട് എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിര്‍മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഒന്‍പത് മരണം. അസമില്‍നിന്നുള്ള ഒന്‍പത് അതിഥിത്തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റ ഒരാള്‍ക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
1,320 മെഗാവാട്ട് മെഗാവാട്ട് ശേഷിയുള്ള എന്നൂര് പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോണ്‍ക്രീറ്റ് കമാനം നിര്‍മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കമാനം നിര്‍മിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകര്‍ന്നുവീഴുകയായിരുന്നു.
20 അടിയിലധികം ഉയരത്തിലായിരുന്നു തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ പത്തുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പത് പേരും വഴിമധ്യേ മരിച്ചു. മരിച്ച ഒന്‍പതുപേരെയും തിരിച്ചറിഞ്ഞു. എല്ലാവരും അസം സ്വദേശികളാണ്.
തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്പ്പറേഷന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജെ. രാധാകൃഷ്ണന്, വൈദ്യുതി വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു.