തുലാവർഷത്തിനു മുന്പേ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യത
Wednesday, October 1, 2025 2:11 AM IST
തിരുവനന്തപുരം: കേരളത്തിലടക്കം മഴ ഭീഷണി തത്കാലം ഒഴിഞ്ഞെങ്കിലും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ തുലാവർഷം കനക്കാനാണ് സാധ്യതയെന്ന് സൂചന. തുലാവർഷം തുടങ്ങും മുന്നേ ബംഗാൾ ഉൾകടലിൽ ന്യൂനമർദം രൂപപ്പെട്ടതും അറബികടലിലും ബംഗാൾ ഉൾകടലിലും തീവ്ര ന്യൂനമർദ സാധ്യതയുള്ളതും ഇക്കുറി സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.
ഇത്തവണ തുലാവർഷം സാധാരണയിൽ കൂടുതൽ ലഭിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ 12 ശതമാനം വരെ അധികം മഴ ലഭിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.
നിലവിൽ കേരളത്തിന് വലിയ മഴ ഭീഷണിയില്ലെന്നാണ് പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും കേരളത്തിൽ പ്രത്യേക മഴ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടില്ല. ബുധനാഴ്ചയോടെ തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പ് കരുതുന്നത്.