ആർഎസ്എസ് പരിപാടിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അമ്മ മുഖ്യാതിഥി
Wednesday, October 1, 2025 4:25 AM IST
അമരാവതി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അമ്മ കമൽതായ് ഗവായി അമരാവതിയിൽ നടക്കുന്ന ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയാകും. വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ അഞ്ചിന് നടക്കുന്ന പരിപാടിയിലാണ് മുഖ്യാതിഥിയാകുക.
അന്തരിച്ച മഹാരാഷ്ട്ര മുൻ ഗവർണർ രാമകൃഷ്ണ ഗവായിയുടെ ഭാര്യയാണ് കമൽതായ്.
കമൽതായിയുടെ സമ്മതം വാങ്ങിയാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ആർഎസ്എസിന്റെ വിശ്വ സംവാദ് കേന്ദ്രയിലെ പ്രതിനിധികൾ വ്യക്തമാക്കിയത്.
അമ്മ കമൽതായ് ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയാകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവും ബി.ആർ. ഗവായിയുടെ സഹോദരനുമായ ഡോ. രാജേന്ദ്ര ഗവായ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കമൽതായിയോ മകൻ ബി.ആർ. ഗവായിയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.