വന്ദേഭാരത് സ്ലീപർ സർവീസ്; മംഗളൂരു-തിരുവനന്തപുരം റൂട്ടിന് പരിഗണന
Wednesday, October 1, 2025 6:01 AM IST
തിരുവനന്തപുരം: മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപർ സർവീസിന് പരിഗണനയെന്ന് റിപ്പോർട്ടുകൾ. നിലവിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകൾക്ക് പുറമേയാണ് വന്ദേഭാരത് സ്ലീപർ സർവീസ് പരിഗണനയിലുള്ളത്.
മൂന്ന് വന്ദേഭാരത് സ്ലീപർ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മംഗളൂരു-തിരുവനന്തപുരം, കോഴിക്കോട് -ബംഗളൂരു, കോഴിക്കോട്- ചെന്നൈ എന്നീ സർവീസുകളാണ് എംപി ആവശ്യപ്പെട്ടത്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ മന്ത്രി മംഗളൂരു-തിരുവനന്തപുരം റൂട്ട് പരിഗണിക്കുകയായിരുന്നു. എല്ലായിപ്പോഴും യാത്രക്കാരുള്ളതാണ് മംഗളൂരു-തിരുവനന്തപുരം റൂട്ട് പരിഗണിക്കുന്നതിന് കാരണമായത്.
റെയിൽവേ മന്ത്രി തന്നെ പിന്തുണ നൽകിയതിനാൽ അധികം വൈകാതെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.കെ. രാഘവൻ എംപി പ്രതീക്ഷ പങ്കുവച്ചു.