കട്ടപ്പനയിൽ തൊഴിലാളികൾ മരിച്ച സംഭവം; ജില്ല കളക്ടറോട് റിപ്പോർട്ട് തേടി മന്ത്രി റോഷി അഗസ്റ്റിൻ
Wednesday, October 1, 2025 6:31 AM IST
ഇടുക്കി: കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ജില്ല കളക്ടറോട് റിപ്പോർട്ട് തേടി. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അതേസമയം അപകടത്തിൽപെട്ട് മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.
ഓട വൃത്തിയാക്കുന്നതിനായി ആദ്യം ഇറങ്ങിയ തൊഴിലാളി കുടുങ്ങിയതോടെയാണ് ഇയാളെ രക്ഷിക്കാനായി രണ്ട് പേർ പിന്നാലെ ഇറങ്ങിയത്. തുടർന്ന് മൂവരും അകപ്പെട്ടതോടെ നാട്ടുകാർ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൂന്ന് തൊഴിലാളികളെയും പുറത്തെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.