മുംബൈയിലെ ലൈംഗികതൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയിൽ
Wednesday, October 1, 2025 8:03 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ലൈംഗികതൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം ഉത്തർപ്രദേശിലേക്ക് കടന്നുകളഞ്ഞ പ്രതി പിടിയിൽ. ചന്ദ്രപാൽ രാംഖിലാഡി (34) ആണ് യുപിയിലെ മഥുരയിൽ നിന്ന് മാൽവാനി പോലീസിന്റെ പിടിയിലായത്.
സെപ്റ്റംബർ 25ന് മലാഡിലാണ് സംഭവം നടന്നത്. സാവന്ത് കോമ്പൗണ്ടിൽ ഒരു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന വിവരം അറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോഡ്രൈവറായ ചന്ദ്രപാൽ രാംഖിലാഡിയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.
ചന്ദ്രപാൽ സ്ത്രീയെ അവരുടെ ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിനിടെ പ്രതി മഥുരയിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു.
തുടർന്ന് മഥുരയിലെത്തി മാൽവാനി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇരുവരും തമ്മിലുള്ള സാന്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.