പലിശ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ നിരക്കിൽ മാറ്റമില്ല
Wednesday, October 1, 2025 3:29 PM IST
തിരുവനന്തപുരം: റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ഇത്തവണ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തുടരും. അതിനാൽതന്നെ, പലിശ നിരക്കുകൾ കുറയില്ല. വായ്പ, നിക്ഷേപ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
അതേസമയം ജിഡിപി അനുമാനം 6.8 ശതമാനമായി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ധനനയ നിലപാട് നിഷ്പക്ഷമായി നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയിൽ, ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷമാണ് നയപ്രഖ്യാപനം.
2026 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായും ആദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തിൽ നാല് ശതമാനമായിരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.