ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ട്രോഫി നല്‍കില്ലെന്ന് നഖ്വി; ബിസിസിഐ നിര്‍ദേശം തള്ളി
Wednesday, October 1, 2025 7:14 PM IST
ന്യൂഡൽഹി: ഏഷ്യാകപ്പ് ട്രോഫി ഇന്ത്യയ്ക്ക് നല്‍കില്ലെന്ന കടുത്ത നിലപാടുമായി എസിസി അധ്യക്ഷനും പിസിബി ചെയര്‍മാനുമായ മുഹ്സിന് നഖ്വി.
നഖ്വിയില് നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കിയതിന് പിന്നാലെ ട്രോഫിയും മെഡലുകളുമായി പിസിബി അധ്യക്ഷന്‍ ഹോട്ടലിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വാക്പോരും ശക്തമായി.
ട്രോഫിയും മെഡലുകളുമില്ലാതെ ഇന്ത്യ വിജയാഘോഷം നടത്തുകയും മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ ബിസിസിഐ മുന്‍കൈയെടുത്തത്.
ഇതനുസരിച്ച് എസിസി–ബിസിസിഐ ഭാരവാഹികള്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. ഈ യോഗത്തിലും നഖ്വി അങ്ങേയറ്റം പരുഷമായാണ് പെരുമാറിയത്.
ഇന്ത്യ കിരീടം നേടിയതോ ട്രോഫിയെ കുറിച്ചോ സംസാരിക്കാനും നഖ്വി താല്പര്യം കാണിച്ചില്ല. എസിസി ആസ്ഥാനത്ത് ട്രോഫിയും മെഡലുകളും എത്തിക്കണമെന്നും തങ്ങള്‍ അവിടെ നിന്നും അത് എടുത്തുകൊള്ളാമെന്നും ബിസിസിഐ അറിയിച്ചുവെങ്കിലും നഖ്വി വഴങ്ങിയില്ല.
ഇന്ത്യ ചടങ്ങ് സംഘടിപ്പിക്കുകയും താന്‍ തന്നെ ട്രോഫി നല്‍കുകയും ചെയ്യുന്ന പരിഹാരം മാത്രമേ തന്റെ മുന്പിലുള്ളൂവെന്നതാണ് നഖ്വിയുടെ നിലപാട്.