പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബരാക് ഒബാമയ്ക്കും ഒപ്പമുള്ള ചൈതന്യാനന്ദയുടെ വ്യാജ ചിത്രങ്ങൾ കണ്ടെത്തി
Wednesday, October 1, 2025 7:32 PM IST
ന്യൂഡൽഹി: വിദ്യാർഥിനികളെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പരാതിയിന്മേൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി കൃത്രിമമായി നിർമിച്ച വ്യാജ ഫോട്ടോകൾ കണ്ടെടുത്ത് പോലീസ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയവർക്കൊപ്പമുള്ള ചൈതന്യാനന്ദയുടെ ചിത്രങ്ങളാണ് കണ്ടെത്തിയത്. ആശ്രമത്തിലെ ഇയാളുടെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു.
കൂടാതെ, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലിലെ സ്ഥിരം അംബാസഡർ, ബ്രിക്സ് ബ്ലോക്കിന്റെ പ്രത്യേക ദൂതൻ എന്നുമുള്ള വ്യാജ തിരിച്ചറിയൽ കാർഡുകളും കണ്ടെത്തി. ഇയാളുടെ എട്ട് കോടി രൂപയുടെ സ്വത്തുക്കളും പോലീസ് മരവിപ്പിച്ചു.
സെക്സ് ടോയികളും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ അഞ്ച് സിഡികളും പോലീസ് കണ്ടെടുത്തു. ഇയാൾ ഒളിവിൽ കഴിഞ്ഞ ഉത്തരാഖണ്ഡിലെ അൽമോറ, ബാഗേശ്വർ എന്നിവിടങ്ങളിലെ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി.