ബിസിസിഐയുടെ ഇംപീച്ച്മെന്റ് ഭീഷണി; ഏഷ്യ കപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായി റിപ്പോർട്ട്
Wednesday, October 1, 2025 7:45 PM IST
ദുബായ്: ബിസിസിഐയുടെ ഭീഷണി ശക്തമായതോടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് മുഹ്സിൻ നഖ്വി ഏഷ്യകപ്പ് ട്രോഫി യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായി റിപ്പോർട്ട്.
ഏഷ്യകപ്പ് ഫൈനലിൽ ജേതാക്കളായ ഇന്ത്യക്ക് നൽകേണ്ടിയിരുന്ന ട്രോഫിയുമായി സ്ഥലംവിട്ട എസിസി അധ്യക്ഷനെ ഇംപീച്ച് ചെയ്യാൻ ബിസിസിഐ നടപടികൾ ആരംഭിച്ചിരുന്നു.
പാക് മന്ത്രിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ എസിസി അധ്യക്ഷനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യ തീരുമാനിച്ചതോടെയാണ് ട്രോഫിയുമായി നഖ്വി സ്ഥലം വിട്ടത്.
അധ്യക്ഷന്റെ നടപടി എസിസി പെരുമാറ്റചട്ടത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ രംഗത്തുവരികയായിരുന്നു. ദുബായ് സ്പോർട്സ് സിറ്റിയിലുള്ള എസിസി ആസ്ഥാനത്തേക്ക് കിരീടം കൊണ്ടുവരാൻ നഖ്വിയോട് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായിരുന്നില്ല.
വേണമെങ്കിൽ ഔദ്യോഗികമായി നടത്തുന്ന ചടങ്ങിൽ തന്റെ കൈയിൽനിന്ന് ട്രോഫി സ്വീകരിക്കാമെന്ന് നഖ്വി നിർദേശംവച്ചെങ്കിലും ഇന്ത്യ തള്ളി.
ഇതോടെ എസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നഖ്വിയെ പുറത്താക്കാനുള്ള നീക്കം ബിസിസിഐ ആരംഭിക്കുകയും ചെയ്തു. നവംബറിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വാർഷിക ജനറൽ ബോഡി യോഗത്തിൽ വൻ തിരിച്ചടി ഉണ്ടാകുമെന്ന് ബിസിസിഐ മുന്നറിയിപ്പ് നടത്തിയിരുന്നു.
ഇതിനിടെയാണ് ഏഷ്യകപ്പ് യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയതായി റിപ്പോർട്ട് വരുന്നത്. എന്നാൽ, ട്രോഫി എപ്പോൾ ഇന്ത്യക്ക് കൈമാറുമെന്നതിൽ വ്യക്തമായ സ്ഥിരീകരണം വന്നിട്ടില്ല.