ഇറാനി കപ്പ്; അഥർവയുടെയും യാഷ് റാത്തോഡിന്റെയും കരുത്തിൽ വിദർഭയ്ക്ക് മികച്ച തുടക്കം
Thursday, October 2, 2025 12:06 AM IST
നാഗ്പുർ: നാഗ്പുരിൽ ആരംഭിച്ച ഇറാനി കപ്പ് 2025ലെ മത്സരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിദർഭ മികച്ച പ്രകടനം കാഴ്ചവച്ചു, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 280 റൺസ് ആദ്യ ദിവസം നേടി.
ഓപ്പണർ അഥർവ തൈഡെ സെഞ്ച്വറിയും (118), യാഷ് റാത്തോഡിന്റെ 91 റൺസും വിദർഭയ്ക്ക് കരുത്തായി. എന്നാൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമും പിന്മാറിയില്ല. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി മാനവ് സുതാർ ഒരോവറിൽ രണ്ട് വിക്കറ്റുകളുൾപ്പടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ആകാശ് ദീപും രണ്ട് വിക്കറ്റും വീഴ്ത്തി.
നാല് ബൗണ്ടറികളുമായി 27 പന്തിൽ 19 റൺസ് നേടിയ അമൻ മൊഖാഡിന്റെ വിക്കറ്റ് എട്ടാം ഓവറിൽ ആകാശ് ദീപ് തെറിപ്പിച്ചു. 14 ഓവറിൽ വെറും 2.50 റൺസ് മാത്രമാണ് ആകാശ് വഴങ്ങിയത്. ആദ്യ ദിനം കളി അവസാനിക്കുന്പോൾ അഥർവയും യാഷ് താക്കൂറുമാണ് ക്രീസിൽ.