ഖത്തറിന് അമേരിക്കൻ സംരക്ഷണം; ഉത്തരവിൽ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്
Thursday, October 2, 2025 1:09 AM IST
വാഷിംഗ്ടൺ ഡിസി: ഖത്തറിന് അമേരിക്കൻ സംരക്ഷണം ഉറപ്പ് നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തറിനെ സംരക്ഷിക്കാൻ അമേരിക്ക സൈനിക നടപടി ഉൾപ്പെടെ എല്ലാ നടപടികളും ഉപയോഗിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഗാസാ യുദ്ധം സംബന്ധിച്ച് ഇസ്രായേലുമായി വെടിനിർത്തൽ അംഗീകരിക്കുന്നത് പരിഗണിക്കുന്നതിനിടെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഖത്തറിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്നാണ് അമേരിക്കൻ സംരക്ഷണം ഉറപ്പ് നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്.
ഖത്തറിന് അമേരിക്കയുടെ പിന്തുണ ഉറപ്പ് നൽകാനുള്ള ട്രംപിന്റെ മറ്റൊരു നടപടിയായിട്ടാണ് ഉത്തരവ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇതിന് എത്രത്തോളം നിയമപരമായ പ്രാബല്യമുണ്ടാകുമെന്ന് വ്യക്തമല്ല. ഉത്തരവിന്റെ ഉള്ളടക്കം ബുധനാഴ്ച വൈറ്റ് ഹൗസിന്റെ വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. ഈ വേളയിലാണ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതെന്നാണ് സൂചന. സന്ദർശന വേളയിൽ നെതന്യാഹുവിന് ഖത്തറുമായി സംസാരിക്കാൻ ട്രംപ് അവസരമൊരുക്കിയിരുന്നുവെന്നും വിവരമുണ്ട്.