ജാർഖണ്ഡിൽ മുഖംമൂടി ധാരികളുടെ ആക്രമണത്തിൽ രണ്ട് വൈദികർക്ക് ഗുരുതര പരിക്ക്
Thursday, October 2, 2025 1:34 AM IST
തുംഡെഗി (ജാർഖണ്ഡ്): മുഖംമൂടി ധാരികളുടെ ആക്രമണത്തിൽ രണ്ട് വൈദികർക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച പുലർച്ചെ സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ്സ് പള്ളിയിലാണ് പുരോഹിതർക്കുനേരേ ആക്രമണമുണ്ടായത്.
പള്ളിയിൽ അതിക്രമിച്ചു കയറിയ 12 അക്രമികൾ ലക്ഷക്കണക്കിന് രൂപയുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ആക്രമണം പൊതു സുരക്ഷയെക്കുറിച്ചും മതസ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനെക്കുറിച്ചും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഇരകളായ മുതിർന്ന പുരോഹിതനായ ഫാ. ഡീൻ തോമസ് സോറെംഗിനും യുവജന മാർഗനിർദേശത്തിൽ ഏർപ്പെട്ടിരിക്കുന്ന യുവ പുരോഹിതനായ ഫാ. ഇമ്മാനുവൽ ബാഗ്വാറിനും ഗുരുതരമായ പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പുരോഹിതന്മാർക്കും സമൂഹത്തിനും നേരെയുള്ള ആക്രമണത്തിന്റെ മാനസിക ആഘാതം പള്ളി അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.
ആക്രമണത്തി ലക്ഷ്യം മോഷണമാണെന്ന് തോന്നുമെങ്കിലും ഒരു മതസ്ഥാപനത്തെ മനപൂർവം ലക്ഷ്യംവച്ചത് സാമുദായിക ഐക്യത്തെയും പൊതുസുരക്ഷയെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ഫാ. പത്രാസ് മാർക്കി പറഞ്ഞു. അക്രമത്തെ പ്രാദേശിക കത്തോലിക്കാ സമൂഹം ശക്തമായി അപലപിച്ചു.