നരവംശ ശാസ്ത്രജ്ഞ ഡോ. ജെയിൻ ഗുഡാൾ അന്തരിച്ചു
Thursday, October 2, 2025 3:57 AM IST
കാലിഫോർണിയ: ലോക പ്രശസ്ത ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞ ഡോ.ജെയ്ൻ ഗുഡാൾ അന്തരിച്ചു. 91-ാം വയസായിരുന്നു. അവരുടെ സ്ഥാപനമായ 'ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട്' ആണ് മരണ വിവരം പുറത്തുവിട്ടത്. യുഎസ് പര്യടനത്തിനിടെ കാലിഫോർണിയയിൽ വച്ചായിരുന്നു അന്ത്യം.
പ്രൈമറ്റോളജിസ്റ്റ്, , പ്രകൃതി സംരക്ഷക എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ചിമ്പാൻസികളെക്കുറിച്ചുള്ള വിപ്ലവകരമായ ഗവേഷണങ്ങളിലൂടെയാണ് ഗുഡാൾ ലോകമെമ്പാടും അറിയപ്പെടുന്നത്. 1960കളിൽ തന്റെ 26-ാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ വച്ച് ചിമ്പാൻസികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് അവർ നടത്തിയ പഠനങ്ങളാണ് മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റം വരുത്തിയത്.
ചിമ്പാൻസികൾക്കും മനുഷ്യർക്കും തമ്മിലുള്ള സാമ്യങ്ങളെക്കുറിച്ചുള്ള ഗുഡാളിന്റെ കണ്ടെത്തലുകളും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. ‘റൂട്ട്സ് & ഷൂട്ട്സ്' പോലുള്ള പരിപാടികളിലൂടെ യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ആകർഷിക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചു. 2002ൽ ഐക്യരാഷ്ട്രസഭയുടെ ‘മെസഞ്ചർ ഓഫ് പീസ്'ആയി തെരഞ്ഞെടുക്കപ്പെട്ടു.