അയൽവാസികൾ തമ്മിലുള്ള തർക്കം; യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം
Thursday, October 2, 2025 5:28 AM IST
ആലപ്പുഴ: ആലപ്പുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പെൺകുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അറസ്റ്റിലായ 57കാരൻ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ആലപ്പുഴ സീവ്യൂ വാർഡിൽ താമസിക്കുന്ന 18കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടുവരാന്തയിൽ ഇരുന്ന് പഠിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് അയൽവാസിയായ ജോസ് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കവെ പ്രതിയെ തട്ടിമാറ്റി യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അച്ഛനും അമ്മയും പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം.
മുന്‍പ് പെൺകുട്ടിയുടെ പിതാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഇയാൾ റിമാന്‍ഡിൽ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ചതിന് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി ജോസ് പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് പോലീസ് ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പ്രതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.