ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ
Thursday, October 2, 2025 7:17 AM IST
കോട്ടയം: അക്ഷരപൂജയും ആയുധപൂജയും പൂർത്തിയാക്കി നവരാത്രി ആഘോഷത്തിന്റെ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് നാടെങ്ങും. ഇന്ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികളുടെ വിദ്യാരംഭവും നടക്കും. ഇതിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും മറ്റും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
ദക്ഷിണമൂകാംബിക ക്ഷേത്രം എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിൽ ആദ്യക്ഷര പുണ്യം നുകരാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു വരെ വിദ്യാരംഭ ചടങ്ങുകളുണ്ടാകുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രവും വിദ്യാരംഭ ചടങ്ങുകൾക്കായി ഓരുങ്ങി.
കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. ആധുനിക കാലത്ത് മറ്റു മതസ്ഥരും ഈ ദിവസം വിദ്യാരംഭം കുറിക്കുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയ ദശമി നാളിൽ പ്രഭാതത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ നടത്തും.