ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
Thursday, October 2, 2025 10:33 AM IST
പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് പോലീസ് എസിപിക്ക് റിപ്പോര്‍ട്ട് നല്കി. സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷാണ് പരാതി നല്‍കിയത്.
ബിഎന്എസ്ബിഎന്.എസ് 356-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും അപകീര്‍ത്തിപ്പെടുത്തി എന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്.
കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാന്‍ കഴിയുവെന്നാണ് റിപ്പോര്‍ട്ട്. വേണമെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് പോലീസ് വ്യക്തമാക്കി.
അധിക്ഷേപ പരാമര്‍ശത്തില്‍ പരാതിക്കാരനായ സി.വി. സതീഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നിയമോപദേശം തേടി. സതീഷിനു പുറമെ, കെ.ആര്. ശരരാജ്, ഹരിദാസ് മച്ചിങ്ങല്‍, മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യര്‍, രമേശ് പുത്തൂര്‍, ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് തുടങ്ങിയവരും പോലീസില്‍ പരാതി നല്‍കിയിരുന്നു.