മഹാത്മജി നല്കിയ സംഭാവനകള്‍ വലുത്; മഹാത്മാഗാന്ധിയെ പുകഴ്ത്തി മോഹന്‍ ഭഗവത്
Thursday, October 2, 2025 11:08 AM IST
മുംബൈ: മഹാത്മാഗാന്ധിയെ പുകഴ്ത്തി ആര്‍എസ്എസ് സർസംഘചാലക് മോഹന്‍ ഭഗവത്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മഹാത്മജി നല്കിയ സംഭാവനകള്‍ വലുതാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് മോഹൻ ഭഗവതിന്റെ പരാമർശം. മഹാത്മജിയെ ആദരിക്കുന്നു. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഇന്ന് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. മഹാത്മാഗാന്ധി നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രമുഖരിൽ ഒരാൾ മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരിൽ അദ്ദേഹത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ സ്വീകരിച്ച നിലപാടുകൾ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാൻ സഹായിച്ചു. രാജ്യത്തിനകത്തുള്ള ഭരണഘടനാ വിരുദ്ധ ഘടകങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം.
അതിർത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികൾ മതം ചോദിച്ചതിന് ശേഷം 26 ഇന്ത്യക്കാരെ കൊലപ്പെടുത്തി. ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ ദുഃഖിക്കുകയും രോഷം കൊള്ളുകയും ചെയ്തു. എന്നാൽ, നമ്മുടെ സർക്കാർ പൂർണമായ തയാറെടുപ്പുകളോടെ ആക്രമണത്തിന് ഉചിതമായ മറുടി നൽകി.
ഇന്ത്യ എല്ലാ രാജ്യങ്ങളോടും സൗഹൃദപരമായ സമീപനം സ്വീകരിക്കുമ്പോഴും, സ്വന്തം സുരക്ഷ സംരക്ഷിക്കാൻ ജാഗ്രതയും ശക്തിയും ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് ഈ ആക്രമണം തെളിയിച്ചതായി ആർഎസ്എസ് മേധാവി ചൂണ്ടിക്കാട്ടി.
ആക്രമണത്തിനും പ്രത്യാക്രമണത്തിനും ശേഷം വിവിധ രാജ്യങ്ങൾ വഹിച്ച പങ്ക് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കളെ വെളിപ്പെടുത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഭരണഘടനാ വിരുദ്ധ ഘടകങ്ങൾ രാജ്യത്തിനകത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.