സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലവീഴ്ച ഉണ്ടായി; പി.എസ്. പ്രശാന്ത്
Thursday, October 2, 2025 11:51 AM IST
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
2019 ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലവീഴ്ച ഉണ്ടായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപാളി കൊടുത്തുവിട്ടത് തെറ്റായിപോയി. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നു.
1999- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കണം. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്ന് പി.എസ്. പ്രശാന്ത് പ്രതികരിച്ചു.
ശബരിമലയിലെ സ്വർണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമാണ്. എന്നാൽ ഇത് കോടതിയെ ധരിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചു. മുന്നിൽ വന്ന രേഖകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കോടതിയുടെ വിമർശനം.
ഉണ്ണികൃഷ്ണൻ പോറ്റി ആരാണ് എന്ന് ദേവസ്വം ബോർഡിനും ധാരണയില്ല. ശബരിമലയിൽ ലക്ഷകണക്കിന് ആളുകളാണ് വന്നുപോകുന്നത് പക്ഷെ അവരെല്ലാം ആരാണ് എന്താണെന്ന് എന്ന കാര്യത്തിൽ വിവരങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അയ്യപ്പ സംഗമത്തെ എതിർത്തവരാണ് ആസൂത്രണത്തിന് പിന്നിൽ. ആരോപണം ഉന്നയിച്ച ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ ഉള്ളത്.
ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കാൻ നോക്കി. എന്നിട്ട് അദ്ദേഹം തന്നെ കുഴിച്ച കുഴിയിൽ വീണു. ശബരിമലയിലെ മഹസറിലുള്ള സാധനങ്ങൾ മാത്രമേ വ്യാജമല്ലാതായിട്ടുള്ളതുള്ളൂ. ഉണ്ണികൃഷ്ണൻ പോറ്റിയുടേത് വ്യാജ ആരോപണവും അദ്ദേഹം സമർപ്പിച്ചത് വ്യാജ പീഠവുമായിരുന്നു. അത് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നുതന്നെ കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ അവസാനവാക്ക് തന്ത്രിയാണ്. മാനുവൽ പ്രകാരം സ്വർണം
അറ്റകുറ്റപ്പണികൾക്ക് സന്നിധാനത്തിന് പുറത്തുകൊണ്ടുപോകാൻ ആകില്ലെന്ന വാദം ശരിയല്ല. സ്വർണം ആവരണം ചെയ്യാൻ മെർക്കുറി ഉപയോഗിക്കുന്നതിൽ അന്താരാഷ്ട്ര നിയന്ത്രണമുണ്ട്.
ഇതനുസരിച്ച് ഇന്ത്യ ഗവൺമെന്റ് തന്നെ 2017ൽ നിയമം പാസാക്കിയിട്ടുണ്ട്. താൻ പ്രസിഡന്റായ ശേഷം അഞ്ച് കൊടിമരങ്ങൾ പ്ലേറ്റിങ്ങിനായി ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ടെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി.