ഏഴ് വയസുകാരിയുടെ മൃതദേഹം വാട്ടർടാങ്കിനുള്ളിൽ; കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിൽ
Thursday, October 2, 2025 1:52 PM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ചൊവ്വാഴ്ച മുതൽ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഹൈദരാബാദിലാണ് സംഭവം.
ഹുമൈനി സുമയ്യ ആണ് മരിച്ചത്. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലാണ്. മാതാപിതാക്കളായ മുഹമ്മദ് അസീം, ഷബാന ബീഗം എന്നിവരോടൊപ്പം മുത്തശിയെ കാണാൻ കുടുംബ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുമയ്യയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് വീടിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടതും ടാങ്കിനുള്ളിൽ കുട്ടിക്ക് സ്വയം പ്രവേശിക്കാൻ സാധിക്കില്ലെന്ന സാഹചര്യവും സംഭവം കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.