എയ്ഡഡ് മേഖലയിലെ ഭിന്നശേഷി നിയമനം; സർക്കാർ തെറ്റിധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ
Thursday, October 2, 2025 2:40 PM IST
കോട്ടയം: എയ്ഡഡ് മേഖലയിൽ ഭിന്നശേഷിക്കാരുടെ നിയമന വിഷയത്തിൽ സർക്കാർ തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നത് ദു:ഖകരമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.
ഭിന്നശേഷിക്കാർക്കായുള്ള സീറ്റുകൾ മാനേജുമെന്റുകൾ ഒഴിച്ചിട്ടിരിക്കുയാണ്. ഈ വിഷയത്തിൽ എൻഎസ്എസിന് സുപ്രീംകോടതിയിൽ നിന്നും ലഭിച്ച വിധിയിൽ ഭിന്നശേഷിക്കാരുടെ ഒഴികെയുള്ള സീറ്റുകളിൽ നിയമനം നടത്താമെന്നും സമാന ഏജൻസികളുടെ കാര്യത്തിലും ഇതേ മാർഗം തുടരാം എന്നുമാണ്.
ആർക്കും കൊടുക്കാത്ത ആനുകൂല്യങ്ങൾ തങ്ങൾ ആവശ്യപ്പെടുന്നില്ല. എന്നാൽ സമത്വം ഒരു പൗരന്റെ അടിസ്ഥാന അവകാശമാണ്. സുപ്രീംകോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കു എന്ന് ഒരു ജനാധിപത്യ സർക്കാർ പറയുന്നത് ദുഖകരമാണന്നും സർക്കാരിൽ വിശ്വാസമുള്ളതു കൊണ്ടാണ് കേസിന് പോകാത്തതെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
ഒരു വർഷം മുമ്പ് ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അന്ന് അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു എന്നും മാർ തോമസ് തറയിൽ പറഞ്ഞു.