മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആക്രമണം; രണ്ടുമരണം
Thursday, October 2, 2025 6:25 PM IST
മാഞ്ചസ്റ്റർ: ജൂതൻമാരുടെ വിശുദ്ധ ദിനമായ യോം കിപ്പൂരിൽ വടക്കൻ മാഞ്ചസ്റ്ററിലെ ജൂത ദേവാലയത്തിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ദേവാലയത്തിനു പുറത്തു നിന്നവരുടെ ഇടയിലേക്ക് അക്രമി കാർ ഓടിച്ചു കയറ്റിയശേഷം നിരവധി ആളുകളെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിൽ അക്രമിയെ വെടിവച്ചു കൊന്നുവെന്ന് അധികൃതർ അറിയിച്ചു. മാഞ്ചസ്റ്ററിലെ ക്രംപ്സലിലുള്ള ഹീറ്റൻ പാർക്ക് ഹീബ്രു ദേവാലയത്തിനു പുറത്താണ് ആക്രമണമുണ്ടായത്. കുത്തേറ്റാണ് രണ്ടു പേരും മരിച്ചതെന്നാണ് പ്രാഥമിക വിവരം.
എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി മാഞ്ചസ്റ്റർ പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി.
മാഞ്ചസ്റ്ററില്‍ ജൂതന്മാര് കൂടുതലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡെന്മാർക്കിലായിരുന്ന യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സന്ദർശനം റദ്ദാക്കി ലണ്ടനിലേക്ക് തിരിച്ചു.
ആക്രമണം ഭയപ്പെടുത്തുന്നതാണെന്ന് സ്റ്റാർമർ പ്രസ്താവനയിൽ പറഞ്ഞു. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിൽ തന്നെ ഇത്തരമൊരു ആക്രമണം നടന്നുവെന്നത് കൂടുതൽ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.