വിദ്യാർഥി മുങ്ങിമരിച്ചു; ഒരാൾക്കായി തെരച്ചില്‍
Thursday, October 2, 2025 7:20 PM IST
കൊച്ചി: മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. എറണാകുളം പിറവത്തുണ്ടായ സംഭവത്തിൽ ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണു മരിച്ചത്.
കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) തെരച്ചിൽ തുടരുകയാണ്. ഒഴുക്കിൽപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ നീന്തിരക്ഷപ്പെട്ടു. മൂവാറ്റുപുഴ ഇലാഹിയ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ബിരുദ ദാനച്ചടങ്ങുകൾക്കായി എത്തിയതായിരുന്നു ഇവർ.
ആൽബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘത്തിന്റെയും സ്കൂബാ ടീമിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.